ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി, ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

 

ഗുവാഹത്തി: ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യയെ 408 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. 549 റൺസ്വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ അവസാന ദിനം ലഞ്ചിന് മുമ്പ് 140 റൺസിന് ഓൾ ഔട്ടായാണ് 408 റൺസിൻറെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. റൺസിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. 54 റൺസെടുത്ത രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ പൊരുതിയത്. അഞ്ച് പേർ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സിൽ 139 പന്ത് നേരിട്ട സായ് സുദർശൻ 14 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ റിഷഭ് പന്ത് 13ഉം വാഷിംഗ്ടൺ സുന്ദർ 16ഉം റൺസെടുത്ത് പുറത്തായി.


27-2 എന്ന സ്കോറിലാണ് ഇന്ത്യ അവസാന ദിനം ക്രീസിലെത്തിയത്. 37 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത സിമോൺ ഹാർമറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്. മാർക്കോ യാൻസൻ രണ്ട് വിക്കറ്റെടുത്തപ്പോൾ സെനുരാൻ മുത്തുസാമിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ മൂന്നാമത്തെ മാത്രം വൈറ്റാവാഷ് ആണിത്. 2000ൽ ദക്ഷിണാഫ്രിക്കയും 2024ൽ ന്യൂസിലൻഡുമാണ് ഇതിന് മുമ്പ് ഇന്ത്യയെ നാട്ടിൽ തൂത്തുവാരിയത്. സ്കോർ ദക്ഷിണാഫ്രിക്ക 489, 260-5, ഇന്ത്യ 201-140.


കൂട്ടത്തകർച്ച

549 റൺസിൻറെ ഹിമാലയൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസെന്ന നിലയിലാണ് അവസാന ദിനം ക്രീസിലെത്തിയത്. തുടക്കത്തിലെ സായ് സുദർശനെ മാർക്കോ യാൻസൻ പുറത്താക്കിയെങ്കിലും നോ ബോളായതിനാൽ രക്ഷപ്പെട്ടു. പിന്നാലെ കുൽദീപ് യാദവിനെ ഏയ്ഡൻ മാർക്രം കൈവിട്ടു. എന്നാൽ ഇതൊന്നും ഇന്ത്യയെ തുണച്ചില്ല. കുൽദീപിനെ ബൗൾഡാക്കി ഇന്ത്യയുടെ കൂട്ടത്തകർച്ച തുടങ്ങിവെച്ച സിമോൺ ഹാർമർ അതേ ഓവറിൽ ധ്രുവ് ജുറെലിനെ സ്ലിപ്പിൽ മാർക്രത്തിൻറെ കൈകളിലെത്തിച്ച് ഇരട്ടപ്രഹരമേൽപ്പിച്ചു. ക്യാപ്റ്റൻ റിഷഭ് പന്ത് സിക്സും ഫോറും അടിച്ച് ആക്രമിച്ചു കളിക്കാൻ തുനിഞ്ഞെങ്കിലും അധികം നീണ്ടില്ല. ഹാർമറുടെ പന്തിൽ മാർക്രത്തിന് ക്യാച്ച് നൽകി പന്തും മടങ്ങുമ്പോൾ ഇന്ത്യ 58-5ലേക്ക് കൂപ്പുകുത്തി. രണ്ടാം സെഷനിൽ ജഡേജക്കൊപ്പം പിടിച്ചുനിന്ന സായ് സുദർശനെ സെനുരാൻ മുത്തുസാമി മടക്കിയപ്പോൾ ഇന്ത്യ തോൽവി ഉറപ്പിച്ചു.

Previous Post Next Post