'പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം...തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം...'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

മുംബൈ: ചരിത്രത്തിലാദ്യമായി ഏകദിന വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിനു അഭിനന്ദന പ്രവാഹം. തലമുറകളെ പ്രചോദിപ്പിക്കുന്ന വിജയമെന്നാണ് പ്രമുഖർ വിശേഷിപ്പിച്ചത്. കായിക, രാഷ്ട്രീയ, സിനിമ, കോർപറേറ്റ് മേഖലകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ ടീമിനു അഭിനന്ദനവുമായി രം​ഗത്തെത്തി.


രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പും രണ്ട് തവണ ഫൈനലിലെത്തിയിട്ടും കിരീടം കൈവിട്ടതിന്റെ ക്ഷീണവും മാറ്റിയാണ് ഇന്ത്യൻ വനിതകൾ ഒടുവിൽ ചരിത്രമെഴുതിയത്. ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കന്നി കരീടമുയർത്തിയത്.


1983 ഒരു തലമുറയെ മുഴുവൻ വലിയ സ്വപ്നങ്ങൾ കാണാനും ആ സ്വപ്നങ്ങളെ പിന്തുടരാനും പ്രേരിപ്പിച്ചു. ഇന്ന്, നമ്മുടെ വനിതാ ക്രിക്കറ്റ് ടീം രാജ്യമെമ്പാടുമുള്ള എണ്ണമറ്റ പെൺകുട്ടികൾക്ക് ബാറ്റും പന്തും എടുക്കാനും, കളിക്കളത്തിലിറങ്ങാനും, ഒരു ദിവസം തങ്ങൾക്കും ആ ട്രോഫി ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കാനും പ്രചോദനമായി. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ യാത്രയിലെ നിർണായക നിമിഷമാണിത്. മികച്ച പ്രകടനം ടീം ഇന്ത്യ. രാജ്യത്തിന്റെ അഭിമാനങ്ങളാണ് നിങ്ങൾ- ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ.


രാജ്യത്തിന്റെ കിരീട നിമിഷം. ലോക ചാംപ്യൻമാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. രാജ്യത്തെ പെൺകുട്ടികൾക്ക് പ്രചോദനത്തിന്റെ പാതയൊരുക്കുന്ന ജയം- ആഭ്യന്തര മന്ത്രി അമിത് ഷാ.


ഐതിഹാസിക നിമിഷം. ചരിത്രമെഴുതി വിമൻ ഇൻ ബ്ലു. 140 കോടി ജനത്തിനു അഭിമാന നിമിഷം- കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ.


വരും തലമുറകൾക്ക് പ്രചോദനം. നിങ്ങൾ നിർഭയമായി ക്രിക്കറ്റ് കളിച്ചു. രാജ്യത്തിന്റെ അഭിമാനമായി. എല്ലാ അം​ഗീകാരങ്ങളും ടീം അർഹിക്കുന്നു. ഈ നിമിഷം ആസ്വദിക്കു. ജയ് ഹിന്ദ്- വിരാട് കോഹ്‍ലി.


രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വനിതകൾ ലോകകപ്പ് ട്രോഫി ഉയർത്തുന്നത് ഞാൻ സ്വപ്നം കാണുന്നു. ഒടുവിൽ ഇന്ന് രാത്രി ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. 2005 ലെ ഹൃദയഭേദകം നിമിഷം മുതൽ 2017 ലെ പോരാട്ടം വരെ, ഓരോ കണ്ണുനീരും, ഓരോ ത്യാഗവും, ഒരിക്കൽ സാധ്യമാകുമെന്നു വിശ്വസിച്ച് ബാറ്റെടുത്ത ഓരോ പെൺകുട്ടിയും, എല്ലാ ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. ലോക ക്രിക്കറ്റിലെ പുതിയ ചാംപ്യന്മാർക്ക്, നിങ്ങൾ ഒരു ട്രോഫി മാത്രമല്ല നേടിയത്. ഇന്ത്യൻ വനിതാ ടീം ഉയരങ്ങൾ താണ്ടാനായി കാത്തിരുന്നു നിരവധി ആളുകളുടെ ഹൃദയങ്ങൾ കൂടിയാണ് നിങ്ങൾ സ്വന്തമാക്കിയത്- മിതാലി രാജ്.


ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അം​ഗങ്ങളേ നിങ്ങൾ രാജ്യത്തിനു അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. അഭിനന്ദനങ്ങൾ- അമിതാഭ് ബച്ചൻ.


അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ! വനിതാ ക്രിക്കറ്റ് ഇനി ഒരിക്കലും പഴയതു പോലെയാകില്ല. ലോക കിരീടം സാധ്യമാക്കിയ ഈ ടീമിലെ ഓരോ പെൺകുട്ടിക്കും നന്ദി. അവിശ്വസനീയ ടീമാണിത്. നിങ്ങളെ ഓർത്ത് വളരെയധികം അഭിമാനിക്കുന്നു- പ്രീതി സിന്റ.


എന്തൊരു ഫൈനൽ പോരാട്ടം. ഓർമകളിൽ 1983, 2011 നേട്ടങ്ങൾ. ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ, ലോക കിരീടം ഒരു തലമുറയ്ക്ക് മുഴുവൻ പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണാഫ്രിക്കയും നന്നായി കളിച്ചു- സുന്ദർ പിച്ചൈ.


ഈ വിജയം പലർക്കും ജീവിതത്തിൽ സ്വപ്‍നം കാണാനും തിളങ്ങാനും പ്രചോദിപ്പിക്കും- വിരേന്ദർ സെവാ​ഗ്.


വലിയ സ്വപ്നങ്ങൾ കാണാൻ തലമുറകളെ പ്രേരിപ്പിക്കുന്ന പ്രകടനം. ഒരോ ഇന്ത്യക്കാരനും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. യഥാർഥ ചാംപ്യൻമാർ. - വിവിഎസ് ലക്ഷ്മൺ.


അഭിനന്ദനങ്ങൾ ടീം ഇന്ത്യ. പ്രോട്ടീസ് വനിതാ ടീം നിങ്ങൾ തലയുയർത്തി തന്നെ മടങ്ങുക. ലോക വനിതാ ക്രിക്കറ്റ് കുതിക്കുന്നു. എന്തൊരു ഫൈനലാണ് കണ്ടത്. എന്തൊരു ടൂർണമെന്റായിരുന്നു!- എബി ഡിവില്ല്യേഴ്സ്.


ഇന്ത്യൻ ക്രിക്കറ്റിനു എന്തൊരു നിമിഷമാണിത്. ലോകകപ്പ് നേടിയ ടീമിനു അഭിനന്ദനങ്ങൾ. സമ്പൂർണ ചാംപ്യൻമാർ- ഡി ​ഗുകേഷ്.


ഒളിംപിക് അസോസിയേഷൻ, ഹോക്കി ഇന്ത്യ, ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ക്രിക്കറ്റ് താരങ്ങളായ അജിൻക്യ രഹാനെ, മുഹമ്മദ് ഷമി അടക്കമുള്ള താരങ്ങളും ടീമിനെ അഭിനന്ദിച്ചു.

Previous Post Next Post