എസ്‌ഐആ‌ര്‍ ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ഭീഷണി മുഴക്കി കോട്ടയത്തെ ബിഎല്‍ഒ; ദയനീയാവസ്ഥ വിവരിച്ച്‌ വാട്സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ടു

കോട്ടയത്ത് എസ് ഐ ആ‌ർ ജോലി സമ്മർദത്തെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി ബൂത്ത് ലെവല്‍ ഓഫീസർ (ബി എല്‍ ഒ).

പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബി എല്‍ ഒ ആന്‍റണി ആണ് ദയനീയാവസ്ഥ പറഞ്ഞ് ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം പങ്കുവെച്ചത്. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ബി എല്‍ ഒ ആന്‍റണി ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. ഇടുക്കിയില്‍ പോളി ടെക്നിക്ക് ജീവനക്കാരനാണ് ആന്‍റണി.

അനീഷിന്‍റെ മരണം

നേരത്തെ കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബി എല്‍ ഒ അനീഷ് ജീവനൊടുക്കിയതും വലിയ വാർത്തയായിരുന്നു. കണ്ണൂരിലെ കുന്നരു യു പി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്‌ ഐ ആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്.

എസ്‌ഐആർ ക്യാമ്ബിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ബിഎല്‍ഒ കുഴഞ്ഞുവീണു

കഴിഞ്ഞ ദിവസം എസ് ഐ ആർ ക്യാമ്ബിന് ശേഷം വീട്ടിലേക്ക് മടങ്ങവെ കണ്ണൂരില്‍ ബി എല്‍ ഒ കുഴഞ്ഞുവീണതും വലിയ വാർത്തയായിരുന്ന. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ് ഐ ആർ ക്യാമ്ബിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. കണ്ണൂർ ഡി ഡി ഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവല്‍ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

Previous Post Next Post