ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി നിലം പതിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കെസി വേണുഗോപാൽ എംപി. പലപ്രാവശ്യം അപകട മുന്നറിയിപ്പുകൾ നൽകിയിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടിയെടുത്തില്ല. മനുഷ്യജീവന് ഒരുവിലയും കൊടുക്കാത്ത സമീപനമാണ് സർക്കാരിന്റേത്. സൈൻബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. മേൽപ്പാത പൂർത്തീകരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് സർക്കാരിനുള്ളതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
'40ലധികം പേരാണ് അരൂർ - തുറവൂർ പാതിയിൽ സർവീസ് റോഡുമായി ബന്ധപ്പെട്ടുള്ള അപകടത്തിൽ മരണപ്പെട്ടിരിക്കുന്നത്. മനുഷ്യജീവന് ഒരുവിലയും കൽപ്പിക്കാത്ത ഈ സമീപനം മാറ്റണം. ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും എംപി എന്ന നിലയിൽ നിവേദനം നൽകിയിരുന്നു. സർവീസ് റോഡിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും കുറ്റക്കാരാണ്. ദേശീയപാത അതോറിറ്റിയിൽ നിന്നും എട്ടുകോടി വാങ്ങി സർക്കാർ ഒരു വർഷമായി പെൻഡിങ്ങിൽ വച്ചിരിക്കുകയാണ്'- കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, അപകടത്തിൽ കരാർ കമ്പനിയായ അശോക ബിൽഡ്‌കോണിനോട് റിപ്പോർട്ട് തേടിയതായി ആലപ്പുഴ ജില്ലാ കലക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. ഗതാഗതനിയന്ത്രണം പാലിക്കണമെന്ന് കൃത്യമായ നിർദേശം നൽകിയിരുന്നു. എന്നാൽ എന്താണ് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. ഹൈഡ്രാളിക് ജാക്കിയിൽ ഉണ്ടായ തകരാണ് അപകടകാരണമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ദേശീയപാത അതോറിറ്റിയുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം ജില്ലാ കലക്ടർ പറഞ്ഞു.
അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. മൂന്നര മണിക്കൂറിനുശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
