ആർപ്പൂക്കര: പഞ്ചായത്തിൽ വാർഡുകളിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് പുറമേ ആംആദ്മി പാർട്ടിയും 20-ട്വന്റിയും മത്സരത്തിന്. പഞ്ചായത്തിൽ ഒരുവാർഡ്കൂടി ചേർത്തതിനെ തുടർന്ന് 17 വാർഡുകളാണ് ഇപ്പോൾ ഉള്ളത്.
യുഡിഎഫിൽ കോൺഗ്രസ് 15-ഉം കേരള കോൺഗ്രസ് ജേക്കബ് ഒന്നും കേരള കോൺഗ്രസ് ജോസഫ് ഒന്നും സീറ്റിലാണ് മത്സരിക്കുക. കോൺഗ്രസിന്റെ മുൻകാല മെമ്പർമാരുടേത് അടക്കമുള്ള ആറ് സീറ്റുകളിൽ ഏകദേശ ധാരണ ആയിട്ടുണ്ട്. തീരുമാനം ഇന്നത്തോടെ അന്തിമമാകും. നിലവിൽ ആർപ്പൂക്കര പഞ്ചായത്ത് യുഡിഎഫ് ആണ് ഭരിക്കുന്നത്.
എൽഡിഎഫിൽ സിപിഎമ്മിന് പതിനൊന്നും സിപിഐക്ക് മൂന്നും കേരള കോൺഗ്രസ്എമ്മിന് മൂന്നും സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ചില സീറ്റുകളിൽ മാത്രമാണ് അന്തിമ തീരുമാനമാകാത്തത്. എൻഡിഎയിൽ ബിജെപി മാത്രമാണ് മത്സരിക്കുന്നത്. 10 സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെങ്കിലും ബാക്കിയുള്ളതിൽ ചർച്ച നടക്കുന്നു. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനമാകും.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ 20-ട്വന്റി മത്സരിക്കുന്ന ഏക പഞ്ചായത്ത് ആണ് ആർപ്പൂക്കര. നിയോജകമണ്ഡലത്തിലെ മറ്റു ഗ്രാമപ്പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ നിർത്താതെ മുഴുവൻ ശക്തിയും ആർപ്പൂക്കരയിൽ കേന്ദ്രീകരിച്ച് ശക്തി തെളിയിക്കാനാണ് ലക്ഷ്യം. ആറുവാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. 20-ട്വൻറിയും മാങ്ങാ ചിഹ്നവുമായി പ്രചാരണത്തിലുണ്ട്.
