ലേബർ കോഡ് ഏകപക്ഷീയമായി നടപ്പാക്കില്ല, ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്യും: വി ശിവൻകുട്ടി


 തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡ് കേരളത്തിൽ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനായുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ രഹസ്യമായി ലേബർ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അടിയന്തരയോഗം നാളെ വിളിച്ചുചേർത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷമേ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കൂ. ഈ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഡിസംബർ 19ന് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ നിയവിദഗ്ധരെയും ട്രേഡ് യൂണിയൻ നേതാക്കളെയും ഇതിൽ പങ്കെടുപ്പിക്കും. ബിജെപി ഇതരസംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും കോൺക്ലേവിലേക്ക് ക്ഷണിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച് മാത്രമേ കേന്ദ്രസർക്കാർ വിജ്ഞാപനം നടപ്പാക്കൂ. കേരളം ഒഴികെ മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളെല്ലാം ലേബർ കോഡ് സംബന്ധിച്ച് ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തൊഴിൽ വകുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി നിർദേശിച്ചതായും ശിവൻ കുട്ടി പറഞ്ഞു.


ലേബർ കോഡിനെ ആദ്യമേ തന്നെ കേരളം ശക്തമായി എതിർത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമങ്ങളാണ് റദ്ദ് ചെയ്തിരിക്കുന്നത്. അതിനോട് ഒരു കാരണവശാലും കേരള സർക്കാരിന് യോജിക്കാൻ കഴിയില്ല എന്ന് മാത്രമല്ല രാജ്യത്തെ മുഴുവൻ തൊഴിലാളികളെ ബാധിക്കുന്ന ഒരു നിയമഭേദഗതി വരുന്ന അവസരത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കുക എന്നത് ജനാധിപത്യ മര്യാദയാണ് ഫെഡറൽ തത്വത്തിന്റെ ഭാഗമാണ് പക്ഷേ അതൊന്നും പാലിക്കാതെ നിഷേധാത്മകമായ നിലപാടാണ് കേന്ദ്ര ഗവൺമെന്റ് ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു.

Previous Post Next Post