കോഴിക്കോട്: ഫറോക്കിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയർമാൻ എം സി അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുൻവശം പൂർണമായി തകർന്നു. ആ സമയത്ത് അവിടെ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് അബ്ദുൾ റസാഖ് മാധ്യമങ്ങളോട് പറഞ്ഞു. 'അപകടത്തിന് തൊട്ടുമുൻപാണ് മക്കൾ സ്കൂളിലേക്ക് പോയത്. കുളിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നുനോക്കിയത്. എന്നാൽ മുൻഭാഗത്തേക്ക് പോകാൻ കഴിയാത്തരീതിയിൽ വീടിന്റെ മുൻഭാഗങ്ങൾ ഒന്നൊന്നായി ഇടിയുന്നതാണ് കണ്ടത്. മറ്റുള്ളവർ അടുക്കളയിലുമായിരുന്നു. ആസമയത്ത് അവിടെ ആരും ഇല്ലാത്തത് രക്ഷയായെന്നും റസാഖ് പറഞ്ഞു. അപകടം ഉണ്ടായ കാര്യം ലോറിയുമായി ബന്ധപ്പെട്ടവരെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിന്റെ മുറ്റത്ത് നിർത്തിയിരുന്നു ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. അനധികൃതമായി വാഹനം പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസിയായ ആൾ ആരോപിക്കുന്നത്. ലോറി ഉയർത്താനുള്ള ശ്രമം തുടങ്ങി.
