തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബൈയിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു.
അതേസമയം വൈകീട്ടു നടക്കുന്ന പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്.
ചികിൽസയ്ക്കും തുടർന്ന് സിനിമാ ചിത്രീകരണത്തിനുമായി എട്ടുമാസത്തോളം കേരളത്തിന് പുറത്തായിരുന്ന മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു മമ്മൂട്ടി ഇത്രയും നാൾ ചെലവഴിച്ചത്. അവിടെ നിന്ന് ഏകദേശം ഒരു മാസം മുൻപാണ് പുതിയ ചിത്രമായ 'പാട്രിയറ്റിന്റെ' ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് പോയത്. ഈ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്.
നിയമസഭയിൽ പ്രഖ്യാപനം
കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ വർഷത്തെ കേരളപ്പിറവി ദിനം കേരള ജനതയ്ക്കാകെ ഒരു പുതുയുഗപ്പിറവിയുടെ ദിനമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അതിദരിദ്രരില്ലാത്ത ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി നമുക്ക് കേരളത്തെ മാറ്റാൻ കഴിഞ്ഞു എന്ന കാരണത്താൽ ചരിത്രത്തിൽ ഇടംനേടുന്ന കേരളപ്പിറവിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021-ൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇതേത്തുടർന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ന്റെ നേതൃത്വത്തിൽ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.
എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
