കണ്ണൂർ: ആന്തൂർ നഗരസഭയിൽ രണ്ടു സീറ്റുകളിൽ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ആന്തൂരിൽ രണ്ടു വാർഡുകളിൽ നേരത്തെ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.
നാമനിർദേശ പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദേശകർ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പത്രിക പുനർസൂക്ഷ്മപരിശോധനയിൽ തള്ളിയിരിക്കുന്നത്. സിപിഎമ്മുകാർ തട്ടിക്കൊണ്ടു പോയി എന്ന് കോൺഗ്രസുകാർ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പിൽ ഹാജരായി പത്രിക പിൻവലിച്ചു. ഇതോടെ ആന്തൂറിൽ അഞ്ച് വാർഡുകളിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മാറ്റിവെച്ച അഞ്ചിടത്തെ നാമനിർദേശ പത്രികയിൽ രണ്ടെണ്ണമാണ് തള്ളിയത്. അതേസമയം, തർക്കമുയർന്ന രണ്ടു വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. 2-ാം വാർഡായ മോറാഴയിൽ കെ രജിതയും, 19-ാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നൽകിയത്.
