വി എം വിനുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതു സംബന്ധിച്ച പരാതിയിൽ ജില്ലാ കലക്ടർ ഉടൻ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകും. ഇതുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2020 ലെ വോട്ടർ പട്ടികയിൽ വിനുവിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടാണ് ഇആർഒ കലക്ടർക്ക് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.


വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസരം വി എം വിനു ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എം വിനു ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിനുവിന്റെ ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.


2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് വി എം വിനു ഇന്നലെ പറഞ്ഞിരുന്നു. ഭാര്യക്കൊപ്പം പോയാണ് താൻ വോട്ട് ചെയ്തത്. സിവിൽ സ്‌റ്റേഷന് സമീപത്തെ ബൂത്തിലാണ് താൻ വോട്ട് ചെയ്തതെന്നും ഇപ്പോൾ വോട്ടർ പട്ടികയിൽ പേരില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നുമാണ് വിഎം വിനു പറഞ്ഞത്. സ്ഥാനാർഥിയായതോടെ തന്റെ പേര് ബോധപൂർവം വെട്ടിയതാണെന്നും വിനു ആരോപിച്ചു. വോട്ടർ പട്ടികയിൽ എൽഡിഎഫ് കൃത്രിമം നടത്തിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ കുറ്റപ്പെടുത്തി.

Previous Post Next Post