ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി.
സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി. പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതിയുടെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണപാളികള്‍ക്ക് പകരം രേഖകളില്‍ 'ചെമ്ബ് പാളികള്‍' എന്ന് രേഖപ്പെടുത്തിയതും മേലുദ്യോഗസ്ഥര്‍ തന്ന നിര്‍ദേശമനുസരിച്ചാണ് എന്നാണ് സുധീഷിന്റെ വിശദീകരണം.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാര്‍ ഈ മൊഴി നല്‍കിയത്. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണം നടത്തുന്ന സംഘം. നവംബര്‍ ഒന്നിനാണ് സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ സുധീഷ് കുമാറിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്, പിന്നാലെ മുരാരി ബാബുവിനെയും പിടികൂടുകയായിരുന്നു.
കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, മുന്‍ സെക്രട്ടറി ആര്‍. ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ. എസ്. ബൈജു, ആര്‍. ജി. രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ രാജേന്ദ്രന്‍ നായര്‍, ശ്രീകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ ചിലര്‍ മേല്‍ ഉദ്യോഗസ്ഥരായിരുന്നുവെന്നും എല്ലാ രേഖകളും അവര്‍ക്കറിയാമായിരുന്നുവെന്നും സുധീഷ് കുമാറിന്റെ മൊഴി സൂചിപ്പിക്കുന്നു. രേഖകളില്‍ താന്‍ 'ചെമ്ബ് പാളികള്‍' എന്ന് എഴുതിയതിനു പിന്നാലെ ആരും അത് തിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.