കൊച്ചിയില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവർ യുവാവിനെ പൂട്ടിയിട്ട് പണം കവർന്നു. വടക്കൻ പറവൂരിലാണ് സംഭവം.
കോട്ടുവള്ളി സ്വദേശിയായ യുവാവാണ് സ്വന്തം വീട്ടില്‍ കവർച്ചയ്ക്ക് ഇരയായത്. ഞായറാഴ്ചയായിരുന്നു സംഭവം.
സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് യുവാവിനെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. 20000 രൂപ നഷ്ടമായതായാണ് പരാതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മറ്റൊരു സുഹൃത്തിനെ കൂടെക്കൂട്ടിയാണ് പരാതിക്കാരന്റെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തിയത്. ഇരുവരും ചേർന്ന് പരാതിക്കാരനെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
പരാതിക്കാരന്റെ കയ്യില്‍ വിലപിടിപ്പുള്ള ഒന്നും ഇല്ലെന്ന് കണ്ടതോടെ ഇവർ പണം ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരനില്‍നിന്ന് പേമെന്റ് ആപ്പ് വഴി ക്യുആർ കോഡ് സ്കാൻ ചെയ്യിപ്പിച്ച് പതിനായിരം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി. ശേഷം പരാതിക്കാരന്റെ പിതാവില്‍നിന്ന് പതിനായിരം രൂപ വാങ്ങാൻ ആവശ്യപ്പെട്ടു. അച്ഛന്റെ അക്കൗണ്ടില്‍നിന്ന് പരാതിക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് പതിനായിരം രൂപ അയച്ചു. ഈ തുകയും കൃുആർ കോഡ് സ്കാൻ ചെയ്ത് പ്രതികള്‍ തട്ടിയെടുത്തു. കവർച്ചയ്ക്ക് പിന്നാലെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.