ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 89 വയസായിരുന്നു.
നേരത്തെ രോഗാവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു.
ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും ഒരുപോലെ കൊണ്ടു പോയിരുന്ന കരിയറായിരുന്നു ധര്‍മേന്ദ്രയുടേത്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി.
ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.