കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാർഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. സ്വകാര്യ, കെഎസ്ആർടിസി സ്റ്റേജ് ക്യാരേജുകളിൽ വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഓൺലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈൽ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സർക്കാർ ഒരുങ്ങുന്നത്. കൺസെഷനെ ചൊല്ലി വിദ്യാർഥികളും ബസ് ഓപ്പറേറ്റർമാരും തമ്മിലുള്ള തർക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
ലീഡ്സ് മൊബൈൽ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നൽകുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവിൽ കൺസെഷൻ പേപ്പർ അധിഷ്ഠിതമാണ്. ഈ സേവനം ഓൺലൈൻ ആക്കുന്നതോടെ തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോർ വാഹനവകുപ്പ് കരുതുന്നത്. മോട്ടോർ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവിൽ വിദ്യാർഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോർ വാഹനവകുപ്പിന്റെ ലക്ഷ്യം.
നാഷണൽ കോമൺ മൊബിലിറ്റി കാർഡ്, വിദ്യാർഥി കൺസെഷനുകൾ എന്നിവയെ സംയോജിപ്പിക്കാൻ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പൺ ടെൻഡറുകൾ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. 'ആപ്പിനെ ഒരു മൾട്ടിപർപ്പസ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർഥികളുടെ കൺസെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും, ഭാവിയിൽ, ഇത് ഒരു പൊതു മൊബിലിറ്റി കാർഡായി വികസിപ്പിക്കാൻ കഴിയും'- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകുന്ന പേപ്പർ അധിഷ്ഠിത സിസ്റ്റത്തിൽ നിന്ന് ഡിജിറ്റൽ പ്രാമാണീകരണത്തിലേക്കുള്ള പരിവർത്തനമാണ് പ്രധാന നേട്ടം. ഹൈസ്കൂൾ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാർഥികൾക്ക് കൺസെഷൻ നൽകുന്നതിനുള്ള യോഗ്യത തൽക്ഷണം പരിശോധിക്കാൻ ബസ് കണ്ടക്ടർമാർക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കൺസെഷൻ ആവശ്യമുള്ള വിദ്യാർഥികൾ മൊബൈൽ ആപ്പിൽ രജിസ്റ്റർചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതർ കൺസെഷന് ശുപാർശ നൽകണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോർവാഹന വകുപ്പ് ഓഫീസുകൾ കൺസെഷൻ അനുവദിക്കും.
ക്യുആർ കോഡുള്ള കൺസെഷൻ കാർഡാണ് ഓൺലൈനിൽ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈൽഫോണിൽ ഇത് സ്കാൻ ചെയ്യുമ്പോൾ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങൾ ഇതിലൂടെ സർക്കാരിന് ലഭ്യമാകും.സർക്കാർ അംഗീകൃത വിദ്യാലയങ്ങൾക്കേ കൺസെഷന് ശുപാർശചെയ്യാൻ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാർഥികളും ആപ്പിൽ രജിസ്റ്റർചെയ്യണം.
'നിലവിൽ, വിവിധ ജില്ലകളിൽ കൺസെഷൻ കാർഡുകൾ മാനുവലായും വ്യത്യസ്ത ഫോർമാറ്റുകളിലുമാണ് നൽകുന്നത്. കൺസെഷൻ കാർഡുകൾ ലഭിക്കുന്നതിന് വിദ്യാർഥികൾ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തുടനീളം കൺസെഷൻ കാർഡുകൾ അനുവദിക്കുന്നതിന് ഏകീകൃത രജിസ്ട്രേഷൻ പ്രക്രിയ ഈ ആപ്പ് അവതരിപ്പിക്കും. ഒരു പ്രത്യേക റൂട്ടിൽ കൺസെഷന് അർഹതയുണ്ടെന്ന വിദ്യാർഥിയുടെ അവകാശവാദം ക്രോസ്-ചെക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇത് ഉറപ്പാക്കും. വിദ്യാർഥികളും ബസ് ഓപ്പറേറ്റർമാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്നമായ നിർദിഷ്ട റൂട്ടിൽ നിന്ന് വ്യത്യസ്തമായി മറ്റു പ്രദേശത്തേക്കുള്ള യാത്രയും ഇത് ഇല്ലാതാക്കും,'- നഗര ഗതാഗത വിദഗ്ധനും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച് (ജിസിഡിഡബ്ല്യു) അംഗവുമായ എബനേസർ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ആപ്പ് ഒരു കൺസെഷൻ ഉപകരണം മാ്ര്രതമായിട്ടായിരിക്കില്ല പ്രവർത്തിക്കുക. മോട്ടോർ വാഹന വകുപ്പിന്റെ വിശാലമായ പൊതു സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കൂടി ഇത് പ്രവർത്തിക്കും.
