ന്യൂഡൽഹി: മനുഷ്യ വന്യജീവി സംഘർഷത്തിൽ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികളിൽ കാതലായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതൽ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കും. പ്രാദേശിക ദുരന്ത വിഭാഗത്തിൽ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി ഫസൽ ബീമാ യോജന വഴിയായിരിക്കും ഇത്തരം ദുരന്തങ്ങൾക്ക് ധനസഹായം ലഭ്യമാക്കുക. നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘകാല ആവശ്യമാണ് ഈ തീരുമാനം, അപ്രതീക്ഷിതമായ ഗുരുതര വിളനാശത്തിൽ നിന്ന് കർഷകർക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.
വെള്ളപ്പൊക്കം മൂലം നെൽകൃഷിക്കുണ്ടാകുന്ന നാശങ്ങൾക്കും ഇനി നഷ്ടപരിഹാരം ലഭിക്കും. തീരദേശ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം മൂലം നെൽവയലുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രാദേശിക ദുരന്തമായി കണക്കാക്കിയിരുന്നു. എന്നാൽ വിള ഇൻഷുറൻസിന്റെ പരിധിയിൽ പെടാത്ത നാശനഷ്ടങ്ങൾക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല.
കേരളത്തിന് ഉൾപ്പെടെ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം. പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശയിലാണ് ഇപ്പോഴത്തെ തീരുമാനം. 2026 ഖാരിഫ് സീസൺ മുതൽ സംരക്ഷണം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
