പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അവസാനകാലഘട്ടത്തിൽ ഒരുവിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിലേക്ക് പോലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും സ്വന്തക്കാരെ തിരുകി ഏകപക്ഷീയമായാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത്തവണ മത്സരിക്കാനില്ലെന്ന് താൻ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിരുന്നു. സി കൃഷ്ണകുമാർ ഏകപക്ഷീയമായാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും പട്ടികയിൽ ഒരുവിഭാഗത്തിന് മാത്രമാണ് പ്രധാന്യം ലഭിക്കുന്നതെന്നും ഇവിടുത്തെ പാർട്ടിക്കാർക്കും ജനങ്ങൾക്കും വളരെ വ്യക്തമായി അറിയാം. അത്തക്കാരുടെ സ്വന്തക്കാർ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. ഞാൻ കഴിഞ്ഞ രണ്ടുതവണ ജയിച്ച വാർഡുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച കാര്യം ഇന്നലെ വൈകീട്ടാണ് അറിഞ്ഞത്. ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് പോലും പറയാൻ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
അതിന്റെതായ പ്രയാസം എനിക്കുണ്ട്. ഇന്നലത്തെ കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതും അതുകൊണ്ടാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പരിപാടിയിൽ പങ്കെടുത്തത് നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയിൽ മാറി നിൽക്കാൻ കഴിയാത്തതുകൊണ്ടാണ്. അക്കാര്യം സംസ്ഥാന പ്രസിഡന്റിനെ അറിയിക്കുകയും അദ്ദേഹത്തിന് അത് ബോധ്യമാകുകയും ചെയ്തിട്ടുണ്ട്. എൻ ശിവരാജന് സിറ്റ് ലഭിക്കാത്തതിന്റെ കാരണം അറിയില്ല' - പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ നഗരസഭാ ഭരണം നിലനിർത്തുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി ബിജെപിയിൽ പോര് തുടരുന്നത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളിൽ ഒന്നാണ് പാലക്കാട്.
