എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ശനിയാഴ്ച; മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

 

കൊച്ചി: എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിൻ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സർവീസുകളാണ് നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യുക.


എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളിൽ സംബന്ധിക്കും.


തൃശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണ ചടങ്ങുകളുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. രാവിലെ 5.10 ന് ബംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. തിരികെ 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

Previous Post Next Post