എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

രാവിലെ എട്ട് മണിക്കാണ് ചടങ്ങുകള്‍. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യല്‍ ട്രെയിൻ ആയി രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5 50 ന് ബെംഗളൂരുവില്‍ എത്തിച്ചേരും

ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്‌ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.

ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡല്‍ഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകള്‍. ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ് നിലവില്‍ ഓടുന്ന പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച്‌ ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് നേരത്തെ എത്തും. ലഖ്‌നൗ-സഹാരൻപൂർ വന്ദേ ഭാരത് എക്സ്പ്രസ് ഏഴ് മണിക്കൂർ 45 മിനിറ്റില്‍ ഓടിയെത്തും. ഫിറോസ്പൂർ-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസാകട്ടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ എടുക്കുക 6 മണിക്കൂർ 40 മിനിറ്റ് ആണ്.
Previous Post Next Post