മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയുടെ മരണം: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

തിരുവനന്തപുരം:മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.

അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. വേണുവിന് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല ഇന്നലെ മെഡിക്കല്‍ കോളജ് അധികൃതർ പറഞ്ഞത്. അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം. എന്നാല്‍ ചികിത്സ കിട്ടിയില്ലെന്ന വേണുവിന്റെ തന്നെ ശബ്ദ സന്ദേശംആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികള്‍. ഇതിനിടെ, സംഭവത്തില്‍ കൊല്ലം സ്വദേശി വേണുവിന്‍റെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി.

നൊമ്ബരമായി വേണു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.
Previous Post Next Post