മലയാള നാടിന് ഇന്ന് പിറന്നാള്‍. 69ാം പിറന്നാളാഘോഷിക്കുകയാണ് കേരളം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തില്‍ സർക്കാർ മുന്നോട്ട് വെക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തില്‍ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങള്‍ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാല്‍ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട് ഒരു ജനത ഒന്നായി തീർന്ന നാട്.
നമുക്ക് മുന്നില്‍ നന്മക്കായി വാതില്‍ തുറന്ന് തന്ന മുന്നില്‍ നിന്ന് നയിച്ച ഒരുപാട് മഹാന്മാരുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവർ, അന്ധവിശ്വാസത്തിനും സമത്വത്തിനും മതജാതി ഭേദങ്ങളില്ലാതെ അക്ഷരം പഠിക്കാനും വഴി നടക്കാനും സാമൂഹിക ഉന്നമനത്തിനും മുന്നില്‍ നിന്നവർ. അവരെ ഓർക്കാതെ ഈ ദിനം കടന്ന് പോകില്ല.
കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് വൈകീട്ട് മൂന്നരയ്ക്കാണ് നടക്കുക.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, മോഹൻലാല്‍, കമലഹാസൻ ഉള്‍പ്പെടെയുള്ളവർ മുഖ്യാതിഥികളാകും. വി.ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാവിലെ നടക്കുന്ന മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ നിയമസഭയില്‍ അവതരിപ്പിക്കും.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെയാണ് സർക്കാരിന്റെ പുതിയ പദ്ധതികള്‍ നിയമസഭയില്‍ അവതരിപ്പിക്കാൻ പോകുന്നത്. എന്നാല്‍ ചട്ടം ലംഘിച്ചാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത് എന്നതാണ് പ്രതിപക്ഷ ആരോപണം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ ആണ് പുതിയ പ്രഖ്യാപനങ്ങള്‍ എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ചട്ടം ലംഘിച്ച് നിയമസഭ സമ്മേളനം വിളിച്ചുചേർത്തതിനെതിരെ സ്പീക്കർക്ക് യുഡിഎഫ് കത്തു നല്‍കിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ എന്ത് നിലപാട് എടുക്കണം എന്നതില്‍ രാവിലെ ചേരുന്ന യുഡിഎഫ് നിയമസഭാ കക്ഷി യോഗം തീരുമാനമെടുക്കും.