'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

ന്യൂഡൽഹി: ജാതി അധിക്ഷേപത്തിനും പീഡനത്തിനും കേരള പൊലീസ് എടുത്ത കേസിൽ 55 വയസ്സുകാരന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരനെ 'തന്തയില്ലാത്തവൻ' എന്ന് വിളിച്ചത് എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജാതി അധിക്ഷേപമാണെന്ന പൊലീസിന്റെ വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.


ഹർജിക്കാരനെതിരെ എസ്സി/എസ്ടി അതിക്രമം തടയൽ നിയമം ചുമത്തിയ കേരള പൊലീസിന്റെ നടപടിയെ സുപ്രീം കോടതി ബെഞ്ച് ചോദ്യം ചെയ്തു. 'തന്തയില്ലാത്തവൻ' എന്ന വാക്ക് ഉപയോഗിക്കുന്നത് ജാതി അധിക്ഷേപത്തിന് തുല്യമല്ലെന്ന് നിരീക്ഷിച്ച കോടതി, കേരള പൊലീസിന്റെ നടപടി അതിശയിപ്പിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.


ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതിക്കാരനെ ഏപ്രിൽ 16 ന് വെട്ടുകത്തി കാണിച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് സിഷൻ എന്ന സിദ്ധാർത്ഥനെതിരെ കേരള പൊലീസ് കേസെടുത്തത്. പരാതിക്കാരനെ 'ബാസ്റ്റാർഡ്' എന്നു വിളിച്ചതായും ശാരീരികമായി പരിക്കേൽപ്പിച്ചതായും എഫ്‌ഐആറിൽ പറയുന്നു.


പൊലീസ് എഫ്‌ഐആറിനെതിരെ ഹർജിക്കാരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്നതിൽ പൊലീസ് കാണിച്ച അമിതമായ ഉത്സാഹമാണ്, ജാമ്യം നിഷേധിക്കാൻ ഹൈക്കോടതിയെ സ്വാധീനിച്ചതെന്ന് കരുതുന്നതായി സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Previous Post Next Post