'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റർ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

മലപ്പുറം: കേവലം പത്തു മില്ലിലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത സബ് ഇൻസ്പെക്ടർക്ക് കോടതിയുടെ രൂക്ഷ വിമർശനം. അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്നു ലീറ്റർ വരെ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വയ്ക്കാമെന്നിരിക്കെ വെറും 10 മില്ലിലീറ്റർ മദ്യം കൈവശം വച്ചതിനു യുവാവിനെ അറസ്റ്റ് ചെയ്ത വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടറെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രൂക്ഷ ഭാഷയിൽ വിമർശിച്ചത്.



തിരൂർ പൈങ്കണ്ണൂർ വാരിയത്തൊടി ധനേഷി (32)നെയാണ് ഇക്കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരാഴ്ചയോളം ധനേഷ് റിമാൻഡിലായിരുന്നു. ധനേഷിനു ജാമ്യം അനുവദിച്ചു കൊണ്ടു നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.


ബാർബർ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിൽ അമിതാവേശം കാണിച്ച എസ്‌ഐയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചു.


ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പൊലീസിലെ ഉന്നതർ പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.


Previous Post Next Post