പിഎംശ്രീ വിവാദം; സിപിഐയുമായി ചര്‍ച്ച നടത്തും: എം വി ഗോവിന്ദന്‍

പിഎംശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാര്‍ടികളുമായും ചര്‍ച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിഎംശ്രീ പദ്ധതിയില്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നല്‍കേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല.

ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികള്‍ക്ക് നിബന്ധനകള്‍ വന്നുതുടങ്ങിയത്. ഇപ്പോഴാണ് ബിജെപി സര്‍ക്കാര്‍ വലിയ രീതിയിലുള്ള നിബന്ധനകള്‍ മുന്നോട്ട് വച്ച്‌ സംസ്ഥാനത്തിന് തരാനുള്ള പണം തരാതെയിരിക്കുന്നത്.

ഏകദേശം 8,000 കോടി രൂപയോളമാണ് പല മേഖലകളിലായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ചെലവാക്കേണ്ട പദ്ധതികളുടെ തുകയടക്കമാണ് ഇത്രയും തുക തരാനുള്ളത്. എല്ലാ മേഖലകളിലും പല നിബന്ധനകള്‍ വച്ച്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുമ്ബ് തന്നെ പിഎംശ്രീയില്‍ ഒപ്പിട്ടിരുന്നു. ഇവിടെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിനെ അടിക്കാനുള്ള വടി എന്ന നിലയിലാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഒരു വികസനവും നടത്താന്‍ പാടില്ല എന്ന രീതിയാണ് കോണ്‍ഗ്രസിന്റേത്. പിഎംശ്രീ പദ്ധതിയുടെ ഭാഗമായ നിബന്ധനകള്‍ക്ക് അന്നും ഇന്നും എതിരാണ്. ഒരു തരം സാമ്ബത്തിക ഉപരോധമാണ് കേന്ദ്രം കേരളത്തിനെതിരെ നടത്തുന്നത്. എല്ലാ മേഖലകളിലും ഫണ്ട് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. ഓരോ മേഖലയിലും നിരവധി നിബന്ധനകള്‍ക്കു ശേഷമാണ് പണം ലഭ്യമാക്കിയിട്ടുള്ളത്. ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ പി എം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഭരണപരമായ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിപിഐ അടക്കമുള്ള പാര്‍ടികളുമായി ചര്‍ച്ച ചെയ്യും.
Previous Post Next Post