'സനാതന ധർമത്തെ അപമാനിക്കുന്നത് സഹിക്കില്ല'; സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് നേരെ അതിക്രമ ശ്രമം. കേസുകൾ മെൻഷൻ ചെയ്യുന്ന സമയത്താണ് ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചത്, അപ്പോഴെക്കും സുരക്ഷാ ജീവനക്കാരൻ തടയുകയായിരുന്നു. സനാതന ധർമത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഈ അഭിഭാഷകൻ ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറിയാൻ ശ്രമിച്ചത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ബിആർ ഗവായ് പറഞ്ഞു.


സുപ്രീം കോടതിയിലെ ഒന്നാം നമ്പർ മുറിയിൽ കേസ് മെൻഷൻ ചെയ്യുന്നതിനിടെയാണ് ഷൂ എറിയാൻ ശ്രമിച്ചത്. അവധിക്കാലത്തിന് ശേഷം കോടതി നടപടികൾ ഇന്നാണ് പുനരാരംഭിച്ചത്. അതിക്രമശ്രമം നടത്തിയ അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി.


ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് അത് ദൈവത്തോട് പോയി പറയൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ചീഫ് ജസ്റ്റിസിനെതിരെ കോടതിയിൽ പ്രതിഷേധം ഉണ്ടായതെന്നാണ് അറിയുന്നത്.


ചൊവ്വാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം വന്നത്. മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയായിരുന്നു പരാമർശം. ഛത്തർപൂർ ജില്ലയിലെ ജവാരി ക്ഷേത്രത്തിൽ കേടുപാടുകൾ സംഭവിച്ച വിഗ്രഹം മാറ്റി സ്ഥാപിക്കാനും പ്രതിഷ്ഠ നടത്താനും ആവശ്യപ്പെട്ട് രാകേഷ് ദലാൽ എന്ന വ്യക്തി സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 'ഇത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസ് മാത്രമാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. ഭഗവാൻ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കൂ' -എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.

Previous Post Next Post