'നാളെ തിരുവനന്തപുരത്ത് ചേരാം'; ഭക്ഷ്യവകുപ്പ് യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

 

കൊച്ചി: സിപിഎം- സിപിഐ അതൃപ്തി രൂക്ഷമാകുന്നതിനിടെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ചുചേർത്ത യോഗം മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിൽ മില്ലുടമകൾ പങ്കെടുത്തില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. എറണാകുളം ഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രിമാരായ ജിആർ അനിൽ, പി പ്രസാദ്, കെഎൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു.


രാവിലെ ഒൻപത് മണിക്ക് യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകൾ എത്തിയില്ലേയെന്ന് ചോദിച്ചപ്പോൾ ഉദ്യാഗസ്ഥരെ മാത്രമേ ക്ഷണിച്ചുള്ളുവെന്ന് അറിയിച്ചപ്പോൾ അതിൽ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയായിരുന്നു. നേരത്തെ ഓൺലൈനായി വിളിച്ച യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഓഫ്‌ലൈനായി ചേരാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.


ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിലുണ്ടാകുകയെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും മുഖ്യമന്ത്രി അത് കേൾക്കാൻ തയ്യാറായില്ല. പോകുന്ന വഴിക്ക് നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി പറയുകയുമായിരുന്നു. നാളെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഭക്ഷ്യവകുപ്പിന്റെ യോഗം ചേരുക. എന്നാൽ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ ഈ യോഗം നടക്കുമോയെന്ന കാര്യം ഉറപ്പില്ല.

Previous Post Next Post