കൊച്ചി: ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നത് കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂർ റവന്യൂ ഡിവിഷൻ ഓഫീസർക്ക് (ആർഡിഒ) 10,000 രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ ബി സുജയ്യയുടെ ഹർജിയിൽ ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്.
ഹർജിക്കാരിയുടെ ഭർത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജിൽ 12 സെന്റിലധികം സ്ഥലമുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പ് കെട്ടിടം നിർമിച്ചതാണ്. തുടർന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നൽകിയത്. ഇത് നിഷേധിച്ചതിനെത്തുടർന്ന് കലക്ടർക്ക് അപ്പീൽ നൽകി. നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. കലക്ടർ അപേക്ഷ ആർഡിഒയ്ക്ക് കൈമാറി.
ഭൂമി ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആർഡിഒ വീണ്ടും അപേക്ഷ തള്ളി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ സ്ഥലം ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്നതും സമീപ സ്ഥലങ്ങൾ തരംമാറ്റാൻ ആർഡിഒ അനുമതി നൽകിയെന്നതും ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഹർജിക്കാരിക്ക് കോടതിയിലെത്തേണ്ട സാഹചര്യം സൃഷ്ടിച്ചത് നിഷേധാത്മക സമീപനത്തിന്റെ ഫലമായിട്ടാണെന്ന് വിലയിരുത്തിയാണ് പിഴ. ആർഡിഒ സ്വന്തംകൈയിൽനിന്ന് ഹർജിക്കാരിക്ക് നേരിട്ട് പണം നൽകണം. അപേക്ഷയിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനവുമെടുക്കണം.
