'ക്യാംപില്‍ കഴിയാന്‍ റേഷന്‍ കാര്‍ഡ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു', ബിജുവും സന്ധ്യയും വീട്ടിലേക്ക് മടങ്ങിയത് രേഖകളെടുക്കാനെന്ന് നാട്ടുകാര്‍

തൊടുപുഴ: അടിമാലി കൂമ്പൻപാറയിൽ അപകട മുന്നറിയിപ്പ് മറികടന്ന് ബിജു - സന്ധ്യ ദമ്പതികൾ വീട്ടിലേക്ക് പോയത് റേഷൻ കാർഡ് എടുക്കാൻ. പ്രദേശത്ത് അപകട സാധ്യത കണക്കിലെടുത്ത് 22 കുടുംബങ്ങളെ കൂമ്പൻപാറ ലക്ഷംവീട് ഉന്നതിയിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ, ക്യാംപിൽ കഴിയണമെങ്കിൽ റേഷൻ കാർഡ് വേണമെന്ന് അധികൃതർ നിർബന്ധം പിടിച്ചതിനെ തുടർന്നാണ് ബിജുവും സന്ധ്യയും വീണ്ടും വീട്ടിലേക്ക് പോകാൻ ഇടയാക്കിയത് എന്നാണ് നാട്ടുകാരുടെ വാദം.


അശാസ്ത്രീയമായ മണ്ണെടുപ്പിനെ തുടർന്ന് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ വീണിരുന്നു. അപകട സാധ്യത പലതവണ അറിയിച്ചിട്ടും അധികൃതർ വേണ്ടത്ര പരിഗണിച്ചില്ലെന്നും നാടുകാർ ആരോപിക്കുന്നു. ഏതാനും ദിവസങ്ങളായി മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിള്ളൽ കൂടതൽ അപകടാവസ്ഥയിലാവുകയും ചെയ്തു. പല തവണ ഇകാര്യം അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര പരിഗണന നൽകിയില്ലെന്നും നാട്ടുകാർ പറയുന്നു.


ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആളുകളെ അടിമാലി ഗവൺമെന്റ് സ്‌കൂളിലെ ക്യാംപിലേക് മാറ്റിയത്. അവിടെ ചെന്നപ്പോൾ റേഷൻ കാർഡ് വേണമെന്ന് നിർബന്ധം പിടിച്ചു. ആധാർ പോരെ എന്ന് ചോദിച്ചിട്ടും സമ്മതിച്ചില്ല. ഇതോടെയാണ് ബിജുവും സന്ധ്യയും റേഷൻ കാർഡ് എടുക്കാനായി വീട്ടിലേക്ക് പോയത് എന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു.


ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അടിമാലി കൂമ്പൻപാറയിൽ മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. മൺതിട്ട ഇടിഞ്ഞ് വീടിന് മുകളിൽ വീണതോടെ ബിജുവും സന്ധ്യയും തകർന്ന വീടിന് അകത്ത് കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ ബിജു മരിക്കുകയും സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Previous Post Next Post