വന്ദേഭാരതില്‍ ഇനി തലശ്ശേരി ബിരിയാണിയും നാടന്‍ കോഴിക്കറിയും; കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചു

കൊച്ചി: തലശ്ശേരി ബിരിയാണി മുതൽ നാടൻ കോഴിക്കറി വരെ.... തനത് രുചികൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങൾ പരിഷ്‌കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങൾ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആർസിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉൾപ്പെടുത്തി ഐആർസിടിസി പരിഷ്‌കരണം നടപ്പാക്കുന്നത്.


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിന്ദാവൻ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികൾ ഉയർന്നതോടെ കരാർ റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയിൽ കൊച്ചി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാർ റദ്ദാക്കിയത്.


ദക്ഷിണ റെയിൽവെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ റെയിൽവെ അധികൃതർ സമർപ്പിച്ച തെളിവുകൾ പരിഗണിച്ച കോടതി കരാർ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനിൽ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സങ്കൽപ് റിക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയിൽസ് കോർപ്പറേഷൻ എന്നിവയ്ക്കാണ് പുതിയ കരാർ നൽകിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ്, തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങൾക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല.


മെനു മാറ്റം ഉൾപ്പെടെയുള്ള റെയിൽവെയുടെ തീരുമാനത്തെ സന്തോഷത്തോടെയാണ് യാത്രക്കാരും സ്വാഗതം ചെയ്യുന്നത്. രണ്ട് തവണ മോശം അനുഭവം നേരിട്ടതിൽ പിന്നെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണം കഴിക്കാൻ താത്പര്യപ്പെടാറില്ലെന്ന് കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ കൺവീനർ കൂടിയായ നിസാർ പെരുവാഡ് പറയുന്നു. ഭക്ഷണം ആവശ്യമില്ലെന്ന ഒപ്ഷനാണ് ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളത്. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ പുതിയ മെനുവിനെ ആളുകൾ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, യാത്രികർക്ക് വന്ദേ ഭാരതിൽ അരലിറ്ററിന്റെ വെള്ളക്കുപ്പികൾ മതിയാകുമെന്നും നിസാർ പറയുന്നു. ഒരു ലിറ്റർ വെള്ളത്തിന്റെ കുപ്പിയാണ് ഇപ്പോൾ നൽകി വരുന്നത്. ലഭിക്കുന്ന കുടിവെള്ളത്തിൽ പലപ്പോഴും യാത്രക്കാർ കുറച്ച് വെള്ളം മാത്രമാണ് ഉപയോഗിക്കാറുള്ളത്. അളവ് കുറഞ്ഞാൻ ഈ ഇനത്തിൽ വെള്ളം പാഴാവുന്നത് തടയാൻ സാധിക്കും. മാലിന്യങ്ങളും ഒരു പരിധിവരെ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


പുതിയ മെനു മികച്ചതെങ്കിലും ഇത് കടലാസിൽ മാത്രം ഒതുങ്ങരുത് എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. മുൻപുള്ള മെനുവും ആദ്യഘട്ടത്തിൽ മികച്ചതെന്ന് തോന്നിയിരുന്നു. എന്നാൽ പതിയെ ഗുണനിവാരം മോശമായി. കാറ്ററിങ് കമ്പനികൾ ഗുണ നിലവാരം ഉറപ്പാക്കി പ്രവർത്തിക്കണമെന്ന് ഇന്ത്യൻ റെയിൽ ഫാൻസ് ക്ലബ് (ഐആർഎഫ്‌സിഎ) അംഗവും ഗവേഷകനുമായ വി അവിനാശും ആവശ്യപ്പെടുന്നു.


മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വെജ് മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരള സ്‌റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴി കറി എന്നിവയാണ് പുതിയതായി മെനുവിൽ ഉൾപ്പെട്ട പ്രധാന വിഭവങ്ങൾ. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഉണ്ടായിരുന്ന പരിപ്പ് (ദാൽ) ഉപയോഗിച്ചുള്ള കറികളും പ്രാദേശിക രുചികളിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് മെനുവിൽ പക്ഷേ കാര്യമായ മാറ്റമില്ല. ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല അല്ലെങ്കിൽ ഗ്രീൻ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിൾഡ് എഗ്ഗ്‌സ്, വെജ് കട്ട്‌ലറ്റ് തുടങ്ങിയവയുൾപ്പെടുന്നതാണ് പ്രഭാത ഭക്ഷണം. പക്കോഡ, ഉള്ളിവട, പരിപ്പുവട, ശർക്കര ഉപ്പേരി, ഉണ്ണിയപ്പം തുടങ്ങിയവയാണ് സ്‌നാക്‌സ് ബോക്‌സിൽ പുതിയതായി ചേർത്തത്. നേരത്തെ ഉണ്ടായിരുന്ന പഴംപൊരി പുതിയ മെനുവിലും ഇടം പിടിച്ചിട്ടുണ്ട്.

Previous Post Next Post