രാഷ്ട്രപതി പറ‌ഞ്ഞു ബിന്ദുവും മകളും മുൻസീറ്റിലുണ്ടാകണം


രാഷ്ട്രപതിഭവനില്‍ പരിചരിച്ചും സ്നേഹിച്ചും കൂടെയുള്ള ഏറ്റുമാനൂർ ചകിരിയാംതടതടത്തില്‍ ബിന്ദു ഷാജിയോട് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു, പാലായിലെ ആഘോഷവേളയില്‍ മോളുമായി മുൻസീറ്റിലുണ്ടാകണം.

മറ്റെല്ലാ വിദ്യാർത്ഥികളും ഏറെ പിന്നില്‍ ഇരുന്നപ്പോള്‍ അമ്മയ്ക്കരികില്‍ സെന്റ്.തോമസ് കോളേജ് വിദ്യാർത്ഥിനി കൂടിയായ സാന്ദ്ര മേരി ഷാജി സദസിന്റെ മുൻനിരയില്‍ വി.ഐ.പികള്‍ക്കൊപ്പം ഇടംപിടിച്ചു. ഏറ്റുമാനൂർ ചകിരിയാം തടത്തില്‍ പരേതനായ ഷാജിയുടെ ഭാര്യ ബിന്ദു 26 വർഷമായി രാഷ്ട്രപതി ഭവനില്‍ നഴ്സാണ്. ഇതിനോടകം കെ.ആർ.നാരായണൻ മുതല്‍ ഇങ്ങോട്ട് ഒരുപാട് രാഷ്ട്രപതിമാരെ പരിചരിച്ചു, നന്നായി പരിചയപ്പെട്ടു. അവരിലേറ്റവും വ്യക്തിപരമായ അടുപ്പം ദ്രൗപദി മുർമുവുമായാണെന്ന് അഭിമാനത്തോടെ അവർ പറയുന്നു.

ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നഴ്സായിരുന്ന ബിന്ദു 1999 ലാണ് രാഷ്ട്രപതിഭവന്റെ ഭാഗമാകുന്നത്. സാന്ദ്രയും സഹോദരി സ്നേഹ മരിയ ഷാജിയും പഠിച്ചതും വളർന്നതും അമ്മയ്ക്കൊപ്പം ഡല്‍ഹിയിലാണ്. രണ്ട് മക്കളുടേയും നൃത്താഭിരുചി അറിയാവുന്ന ദ്രൗപദി മുർമു ആവും വിധം പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. ഈ വർഷമാണ് പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദാനന്തര ബിരുദത്തിനായി സെന്റ്.തോമസ് കോളേജില്‍ പ്രവേശിച്ചത്. രാഷ്ട്രപതിക്ക് സ്വാഗതം അരുളനായി ചിത്രീകരിച്ച നൃത്തരംഗത്തില്‍ തെയ്യം വേഷത്തില്‍ എത്തിയത് സ്നേഹയായിരുന്നു. പാലായിലേയ്ക്ക് ക്ഷണം കിട്ടിയപ്പോഴേ ദ്രൗപദി മുർമു ബിന്ദുവിനോട് സദസിലുണ്ടാവണമെന്ന് ആവശ്യപ്പട്ടിരുന്നു. ആദ്യ പരിപാടി റദ്ദാക്കി വീണ്ടും എത്തിയപ്പോഴും ഇതേ ആവശ്യം ഉന്നയിക്കുകയായിരുന്നു.
Previous Post Next Post