മെസിയും അര്‍ജന്റീനിയന്‍ ടീമും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്‌റ്റേഡിയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ ജിസിഡിഎ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും.
കലൂര്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹിമാന്‍ ജിസിഡിഎയ്ക്ക് നല്‍കിയ കത്ത് ഇതിനിടെ പുറത്തുവന്നു. ഈ കത്ത് പരിഗണിച്ചാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടഷന് സ്‌റ്റേഡിയം കൈമാറാന്‍ തീരുമാനിച്ചത്.
അര്‍ജന്റീനയുടെ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിനുള്ള എസ്പിവി ആയിട്ടാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. കായിക വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള മറ്റൊരു സംവിധാനമാണ് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍. ഇവര്‍ക്കാണ് ജിസിഡിഎ സ്‌റ്റേഡിയം വിട്ടു നല്‍കിയത്.
എന്നാല്‍ ജിസിഡിഎ സ്‌റ്റേഡിയം വിട്ടുനല്‍കുമ്ബോള്‍ വ്യവസ്ഥകളോടെയുള്ള കരാര്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ജിസിഡിഎയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ജിസിഡിഎയ്ക്ക് തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സൂചന. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായി സ്‌പോണ്‍സര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സ്‌റ്റേഡിയം വിട്ടു നല്‍കിയിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെ എന്ന് ഇനിയും പുറത്തുവന്നിട്ടില്ല. ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂടുതല്‍ വ്യക്തമായേക്കുമെന്നാണ് കരുതുന്നത്.
മെസിയും സംഘവും വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സ്‌റ്റേഡിയത്തിന്റെ പല ഭാഗങ്ങളും നിര്‍മാണ പ്രവൃത്തികളെന്ന പേരില്‍ പൊളിച്ചിട്ടിരിക്കുകയാണ്. കസേരകള്‍ നീക്കി പുതിയത് വെക്കുന്ന ജോലികള്‍ നടക്കുന്നുണ്ട്. ഫ്‌ളഡ് ലൈറ്റുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്‌റ്റേഡിയത്തിന് പുറത്തെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീന ടീം ഈ വര്‍ഷത്തില്‍ എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് എന്തൊക്കെ കാര്യങ്ങളാണ് സ്‌റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത് എന്നതും ചോദ്യചിഹ്നമാണ്. മാര്‍ച്ചില്‍ അജന്റീനന്‍ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സ്‌പോണ്‍സറുടെ വാഗ്ദാനം. എന്നാല്‍ മത്സരം ഇനി നടക്കില്ല എന്നുവന്നാല്‍ പൊളിച്ചിട്ട സ്‌റ്റേഡിയത്തിന്റെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാണ്.