ഏഴാം ക്ലാസുകാരന്റെ കയ്യിൽ ചട്ടുകം വച്ച് പൊള്ളിച്ചു, പ്ലാസ്റ്റിക് കയർ മടക്കി മർദ്ദനം, ഭിത്തിയിൽ ഇടിപ്പിച്ചു; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: അഴൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ അതിക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കഴിഞ്ഞ ആറുവർഷമായി പിതാവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ മകൻ ഉപദ്രവം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നിറങ്ങിയോടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. അവർ സ്‌കൂളിലും പിന്നീട് ചൈൽഡ് ലൈനിലും അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ് കുട്ടി.


കുട്ടിയുടെ കയ്യിൽ ചട്ടുകം പൊള്ളിച്ചു വയ്ക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദിക്കുക, കൈ പിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങിയ അതിക്രൂര പീഡനങ്ങളാണു പ്രതി മകനോടു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഴൂരിലെ വീട്ടിൽ പിതാവും മകനും മാത്രമായിരുന്നു താമസം. കുട്ടിയുടെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ബന്ധം വേർപിരിഞ്ഞിരുന്നു. കുട്ടിയുടെ അമ്മ വിദേശത്തു ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും.


സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനു ശേഷം തീരുമാനിക്കും. 2019 മുതൽ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. എന്നാൽ കൂടുതൽ ഉപദ്രവിക്കുമോ എന്നു ഭയന്നു കുട്ടി വിവരം പുറത്തു പറഞ്ഞില്ല. ശിശുക്ഷേമ സമിതിയുടെ കൗൺസലിങ്ങിനിടെയാണു കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

Previous Post Next Post