ജാർഖണ്ഡില്‍ സർക്കാർ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി രോഗബാധയെന്ന് സ്ഥിരീകരണം.
സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ജനിതക രോഗം ബാധിച്ച കുട്ടികള്‍ക്കാണ് എച്ച്ഐവി പോസിറ്റീവായത്. സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, സംഭവത്തില്‍ ജാർഖണ്ഡ് സർക്കാർ അന്വേഷണം തുടങ്ങി. സംഭവം റാഞ്ചിയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം അടിയന്തരമായി അന്വേഷിക്കാനും തീരുമാനിച്ചു.
വിഷയത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കുട്ടിയുടെ കുടുംബം രംഗത്തെത്തുന്നത്. തലാസീമിയ ബാധിതനായ കുട്ടിക്ക് ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് എച്ച്ഐവി ബാധിച്ച രക്തം നല്‍കിയതായി കുടുംബം ആരോപിച്ചതോടെയാണ് വിവരം പുറത്തുവന്നത്. പരാതിയെത്തുടർന്ന്, ജാർഖണ്ഡ് സർക്കാർ മെഡിക്കല്‍ ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘത്തെ ആരോപണങ്ങള്‍ അന്വേഷിക്കാൻ അയച്ചു. ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ഉണ്ടായത്. പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ തലസീമിയ ബാധിച്ച നാല് കുട്ടികള്‍ കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു.