വാഷിങ്ടൺ: പാകിസ്ഥാനെതിരെ യുഎൻ രക്ഷാസമിതിയിൽ അതിരൂക്ഷ വിമർശനവുമായി ഇന്ത്യ. സ്വന്തം ജനങ്ങൾക്ക് നേരെ ബോംബിടുന്ന രാജ്യമാണ് പാകിസ്ഥാൻ. പാകിസ്ഥാൻ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണ്. സൈന്യത്തിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാൻ അനുമതി നൽകിയ രാഷ്ട്രമാണ്. തെറ്റിദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസഡർ പർവതനേനി ഹരീഷ് ആരോപിച്ചു.
'സ്ത്രീകൾ, സമാധാനവും സുരക്ഷയും' എന്ന വിഷയത്തിൽ നടന്ന പൊതുസംവാദത്തിനിടെയാണ് യുഎന്നിലെ ഇന്ത്യൻ അംബാസഡറായ പി ഹരീഷ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയ്ക്കെതിരേയും പ്രത്യേകിച്ച് ജമ്മുകശ്മീരിനെതിരേയും പാകിസ്ഥാൻ നടത്തുന്ന അധിക്ഷേപങ്ങളെയും ഇന്ത്യൻ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. നിർഭാഗ്യവശാൽ എല്ലാ വർഷവും ജമ്മുകശ്മീരിനെതിരേ പാകിസ്ഥാന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങൾ കേൾക്കാൻ ഇന്ത്യ വിധിക്കപ്പെട്ടിരിക്കുകയാണ്.
സ്ത്രീകൾ, അവരുടെ സുരക്ഷ, സമാധാനം എന്നിവയിൽ ഞങ്ങളുടെ പ്രവർത്തനം കളങ്കമില്ലാത്തതും കോട്ടംതട്ടാത്തതുമാണ്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയുംചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകൾ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാനേ കഴിയുകയുള്ളൂ. 1971-ൽ ഓപ്പറേഷൻ സെർച്ച്ലൈറ്റിലൂടെ, സൈന്യത്തിന് നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നൽകിയ രാജ്യമാണ് പാകിസ്ഥാൻ. ലോകം പാകിസ്ഥാന്റെ പ്രോപഗാൻഡ കാണുന്നുണ്ട്'' ഇന്ത്യൻ അംബാസഡർ പി ഹരീഷ് പറഞ്ഞു.
പൊതുസംവാദത്തിനിടെ പാകിസ്ഥാൻ പ്രതിനിധി ഇന്ത്യയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. കശ്മീരി സ്ത്രീകൾ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങൾ സഹിക്കുകയാണെന്നാണ് പാകിസ്ഥാൻ പ്രതിനിധി ആരോപിച്ചത്. ഇതിനു മറുപടിയായാണ് ഇന്ത്യൻ അംബാസഡർ പി ഹരീഷ് പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 1960 കളുടെ തുടക്കത്തിൽ തന്നെ, കോംഗോയിലെ യുഎൻ ദൗത്യങ്ങളിൽ ഇന്ത്യ വനിതാ മെഡിക്കൽ ഓഫീസർമാരെ വിന്യസിച്ചിരുന്നു. അങ്ങനെ ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പി ഹരീഷ് കൂട്ടിച്ചേർത്തു.
