ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു, തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂർ: ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയിൽവേ ഗേറ്റ് തകർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹൈ വോൾട്ടേജ് പ്രവഹിക്കുന്ന സമയമായിരുന്നതിനാൽ കമ്പിയിൽ നിന്നും തീപ്പൊരി ചിതറിവീണു എങ്കിലും ഗ്യാസിലിൻഡറുകളിലേക്ക് തീ പടർന്നില്ല. ഉച്ചയ്ക്ക് 12:30 യോടെ ആയിരുന്നു അപകടം.


കൊച്ചിയിൽ നിന്നും ഭാരത് പെട്രോളിയത്തിന്റെ ഗ്യാസിലിണ്ടറുകളുമായി വന്ന ലോറിയാണ് റെയിൽവേ ഗേറ്റിൽ ഇടിച്ചത്. പരശുരാം എക്‌സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുകയായിരുന്നു. ഈ സമയത്താണ് ലോറി ഇടിച്ചത് . ഇടിയുടെ ആഘാതത്തിൽ ഗേറ്റ് മുറിഞ്ഞു വൈദ്യുതി കമ്പിയിലേക്ക് വീണു.


ഇതോടെ വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ചാലക്കുടിയിൽ നിന്നും എൻജിനീയറിങ് വിഭാഗം എത്തി തകരാറുകൾ പരിഹരിച്ചു. തുടർന്ന് രണ്ടരയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Previous Post Next Post