വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി, കടുത്ത വിമർശനം

 

കൊച്ചി: മുണ്ടക്കെ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു.


ബാങ്ക് വായ്പ എഴുതി തള്ളാൻ താൽപ്പര്യമില്ലെങ്കിൽ അക്കാര്യം തുറന്നു പറയാൻ ആർജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കിൽ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കൽ നടപടികൾ സ്റ്റേ ചെയ്യാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.


ആർബിഐ സർക്കുലറിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് പരിമിതികളുണ്ടെന്നാണോ?. കേന്ദ്രസർക്കാർ നടപടിയെടുക്കാൻ തയ്യാറാണോ എന്നതാണ് പ്രധാനം? ഈ വിഷയത്തിൽ നിങ്ങൾ അധികാരമില്ലാത്തവരാണെന്നല്ല. നടപടിയെടുക്കാൻ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല വേണ്ടത്. ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചു. ബാങ്കുകളെ കക്ഷിചേർക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


2024 ജൂലൈ 30 ന് വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഇതിനകം തന്നെ വായ്പകൾ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിലപാട് ഇതാണെങ്കിൽ, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ചിറ്റമ്മ മനോഭാവം ശരിയല്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കാനും കേന്ദ്രസർക്കാർ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.


Previous Post Next Post