പ്രീമിയം സർക്കാർ അടയ്ക്കും; ഒന്നു മുതൽ പത്തു വരെയുള്ള വിദ്യാർഥികൾക്ക് ലൈഫ് ഇൻഷൂറൻസുമായി കേരളം

 

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. 35 ലക്ഷത്തോളം സ്‌കൂൾ വിദ്യാർഥികൾക്ക് ലൈഫ് ഇന്ഷുറൻസ് പരിരക്ഷ നൽകാൻ കേരളം ഒരുങ്ങുന്നു. സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളിൽ പഠിക്കുന്ന ഒന്നുമുതൽ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്ഷുൻസ് പരിരക്ഷ നൽകാനാണ് തീരുമാനം.


അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയിൽ എല്ലാ വിദ്യാർഥികളുടെയും ഇൻഷൂറൻസ് പ്രീമിയം സർക്കാർ അടയ്ക്കും. സ്‌കൂളുകളിൽ അവർത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വർഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ 13 വയസുകാരൻ മിഥുൻ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ധനമന്ത്രി കെഎൻ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.


ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടത്തിയതായും അടുത്ത ബജറ്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎൻ ബാലഗോപാൽ  പറഞ്ഞു.


മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക വിശകലനം നടത്തിയതായി ഇൻഷുറൻസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബുഷ്റ എസ് ദീപ പറഞ്ഞു. അപകടമരണത്തിനും, അപകടത്തെത്തുടർന്നുള്ള ഇൻ-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കൺസൾട്ടേഷനുകൾക്കുമുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും ഉൾപ്പെടെ ഇത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഡാറ്റാഷീറ്റ് ഉൾപ്പടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് കൈമാറിയതായും അവർ പറഞ്ഞു.


Previous Post Next Post