'ശബരിമലയിൽ ക്യൂ നിൽക്കാതെ ദർശനം', തീർത്ഥാടകരുടെ പണം തട്ടിയ ഡോളി തൊഴിലാളികൾ അറസ്റ്റിൽ

ശബരിമലയിൽ ക്യൂ നിൽക്കാതെ ദർശനം വാഗ്ദാനം ചെയ്ത് തീർത്ഥാടകരെ കബളിപ്പിച്ച ഡോളി തൊഴിലാളികൾ പിടിയിൽ.


കാസർകോട് സ്വദേശികളായ തീർത്ഥാടകരിൽ നിന്നും പതിനായിരം രൂപ തട്ടിയ സംഭവത്തിലാണ് ഡോളി ചുമട്ടുകാരനായ കണ്ണൻ, രഘു എന്നിവരെ അറസ്റ്റ് ചെയ്തത്. പീരുമേട് സ്വദേശികളാണ് ഇരുവരും.


ഇക്കഴിഞ്ഞ തുലാമാസ പൂജകൾക്കായി നടതുറന്നപ്പോഴായിരുന്നു സംഭവം. കാസർകോട് സ്വദേശികളായ തീർത്ഥാടകർ പമ്ബയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ മരക്കൂട്ടത്ത് എത്തിയപ്പോഴായിരുന്നു ഡോളി തൊഴിലാകൾ ഇവരെ സമീപിച്ചത്. സന്നിധാനത്ത് വലിയ തിരക്കാണെന്നും ഡോളിയിൽ പോയാൽ ക്യൂ നിൽക്കാതെ ദർശനം സാധ്യമാകും എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.


തുടർന്ന് ഡോളി സേവനത്തിനായി പതിനായിരം രൂപയും ഇവർ കൈപ്പറ്റി. തീർത്ഥാടകനെ ഡോളിയിൽ സന്നിധാനത്തിന് സമീപത്തെ വാവരുനട വരെ എത്തിച്ച ശേഷം പിന്നീട് ഡോളി തൊഴിലാളികൾ കടന്നുകളയുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ തീർത്ഥാടകർ പൊലീസിനെ സമീപിക്കുകയായിരുന്നു. അനധികൃതമായി ഡോളി സർവീസ് ഉപയോഗിച്ചതിനടക്കമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Previous Post Next Post