പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍
കണ്ണൂരിലാണ് സിപിഎയുടെ യുവജനവിഭാഗമായ എഐവൈഎഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചത്. കേരള സര്‍ക്കാര്‍ തീരുമാനം മതേതരനാടിന് അപമാനം എന്നുപറഞ്ഞായിരുന്നു എഐവൈഎഫ് പ്രവര്‍ത്തരുടെ പ്രതിഷേധം.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ കൂട്ടുനിന്നെന്നും നാലുവെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുത്തുവെന്നും മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് എത്തിയതിന് പിന്നാലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ കോലം കത്തിക്കല്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
എവിടെയും ചര്‍ച്ചചെയ്യാതെയും ആരോടും ആലോചിക്കാതെയുമാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയുടെ വിശദാംശങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും ഇത് അറിയാനുള്ള അവകാശമുണ്ട്. ഉടമ്ബടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ് എന്ന് അറിയിക്കേണ്ടതുണ്ട്. എന്നാല്‍, മുന്നണിയില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. ഘടകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ടു പോകേണ്ടത്. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. ഇങ്ങനെയല്ല എല്‍ഡിഎഫ് മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഘടകകക്ഷികള്‍ക്കിടയില്‍ മാത്രമല്ല, മന്ത്രിമാര്‍ക്കിടയിലും പിഎം ശ്രീ ധാരണപത്രത്തെ കുറിച്ച് ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണ്. എല്‍ഡിഎഫ് അങ്ങനെയല്ല തീരുമാനമെടുക്കേണ്ടത്. ഇടതുപക്ഷത്തിന്റെ മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള ഈ രീതി തിരുത്തിയേ തീരൂ. ഇക്കാര്യം കാണിച്ചുകൊണ്ട് സിപിഐ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഷോക്കേസാണ് പിഎം ശ്രീ പദ്ധതിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. എല്ലാ ഇടതുപാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. അസ്വാഭാവികയമായ തിരക്കോടുകൂടിയാണ്, ചര്‍ച്ചയില്ലാതെ, നയപരമായ സംവാങ്ങളില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത്. നാടിന്റെ ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കേണ്ട ക്ലാസ് മുറികളെ പിടിക്കുകയാണ് ബിജെപിയും ആര്‍എസ്‌എസും. ഇക്കാര്യം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.