രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാക്കള്‍ പിടിയില്‍.
പാല അതിരമ്ബുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ്, കോതനെല്ലൂര്‍ സ്വദേശി സന്തോഷ് ചൊല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലൂടെ ബൈക്കിലെത്തിയ മൂവരും പൊലിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ ഒരു ബൈക്കില്‍ മൂന്നുപേരാണ് നിയന്ത്രണം മറികടന്നെത്തിയത്. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കെ എല്‍ 06 ജെ 6920 എന്ന നമ്ബരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ പാലാ ജനറല്‍ ആശുപത്രി ജംക്ഷനും മുത്തോലിക്കും ഇടയില്‍ കര്‍ശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. ബൈക്കും പൊലീസ് പിടിച്ചെടുത്തു.