പാൽ, പലചരക്ക് , പാചക വാതകം..., എല്ലാമെത്തും റേഷൻ കടയിൽ: പൊതുവിതരണം സ്മാർട്ട് ആക്കാൻ സർക്കാർ


കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാൻ വിഷൻ 2031 പദ്ധതിയുമായി സർക്കാർ. റേഷൻ കടകളെ സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാൽ, പലചരക്ക് സാധനങ്ങൾ, പാചക വാതകം, സ്റ്റേഷനറി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ റേഷൻ കട വഴി വിതരണം ചെയ്യുന്ന വിധത്തിൽ റീട്ടൈൽ ഔട്ട്‌ലറ്റുകളാക്കി മാറ്റുന്നതുൾപ്പെടെയുള്ള സാധ്യതകളാണ് സർക്കാർ പരിശോധിക്കുന്നത്. നിലവിൽ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെ മിൽമ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യൻ ഓയിൽ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും വീട്ടുപകണങ്ങൾ, കാർഷികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയും ഉൾപ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും വിഷൻ 2031 പദ്ധതിയിടുന്നു.



ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത, അടുത്തിടെ നടന്ന വിഷൻ 2031 സെമിനാറിൽ റേഷൻ കടകളെയും മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിർദേശം ഉരുത്തിരിഞ്ഞതായി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഷൻ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വർഷം ഉൾപ്പെടുന്ന (2025-26) ആദ്യ ഘട്ടത്തിൽ അഞ്ച് 5 ജില്ലകളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തിൽ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്.


നവീകരിച്ച ഔട്ട്‌ലെറ്റുകൾ വൺ-സ്റ്റോപ്പ് സൗകര്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ചൂണ്ടിക്കാട്ടുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 94,31,027 സാധുവായ റേഷൻ കാർഡുകളും 13,872 റേഷൻ കടകളുമാണുള്ളത്. ഇവയെ സപ്ലൈക്കോയുമായി ബന്ധപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുത്. ഇത് പ്രകാരം സപ്ലൈകോയുടെ 17 സബ്‌സിഡി ഉൽപ്പന്നങ്ങൾ റേഷൻ കടകളിലേക്കും എത്തിക്കും. ക്രെഡിറ്റ് വ്യവസ്ഥയിൽ ആയിരിക്കും സഹകരണം. ഇതിന് പുറമെ മിൽമയുമായി സഹകരിച്ച് പാലും മറ്റ് മൂല്യവർധിത ഉൽപനങ്ങളും റേഷൻ ഷോപ്പുകൾ വഴി ലഭ്യമാക്കും. ചെറുകിട ബാങ്കിങ് സേവനം, പാചക വാതക വിതരണം തുടങ്ങിയ സംവിധാനങ്ങളും റേഷൻ ഷോപ്പുകൾ വഴി ലഭ്യമാക്കാനാണ് നീക്കമെന്നും മന്ത്രി പറയുന്നു. നിലവിലുള്ള ഔട്ട്ലെറ്റുകളെ ആധുനികവൽക്കരിക്കുകയും കൂടുതൽ ഉൽപന്നങ്ങൾ ഉൾക്കൊള്ളുന്ന കൺവീനിയൻസ് സ്റ്റോറുകളാക്കി മാറ്റുകയുമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഇപ്പോഴത്തെ പരിമിതമായ ഉൽപ്പന്നങ്ങൾക്ക് അപ്പുറത്ത് എല്ലാതരം ഉൽപന്നങ്ങളും വിൽക്കാൻ കഴിയുന്ന റീട്ടൈൽ കേന്ദ്രങ്ങളാക്കി റേഷൻ കടകളെ മാറ്റുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം ജി രാജമാണിക്യം പറഞ്ഞു. റേഷൻ കടകളെ സാമ്പത്തികമായി ലാഭകരമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. കെ-സ്റ്റോറുകളാക്കി മാറ്റുകയും ലാഭകരമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ പൊതുവിതരണ കേന്ദ്രങ്ങളായുള്ള അവയുടെ പ്രവർത്തനവും തുടരും. സപ്ലൈകോയ്ക്ക് കട ഉടമകളുമായി കരാറുകളിൽ ഏർപ്പെടാനും അവർക്ക് ക്രെഡിറ്റ് സൗകര്യം നൽകാനും കഴിയുമെന്നും എം ജി രാജമാണിക്യം വ്യക്തമാക്കുന്നു.


സ്ഥലസൗകര്യങ്ങളുള്ള മാവേലി സ്റ്റോറുകളെ പഞ്ചായത്ത് തലത്തിലുള്ള വിതരണ ഗോഡൗണുകളാക്കി ഉപയോഗിക്കാനും വിതരണ ശൃംഖല കാര്യക്ഷമമാക്കാനുമാണ് പദ്ധതിയിടുന്നത്. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സപ്ലൈകോ നേതൃത്വം നൽകും. സംവിധാനങ്ങളിലെ മാറ്റം സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമവും ജനസൗഹൃദവുമാക്കുമെന്നാണ് വിലയിരുത്തൽ. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ എന്നിവയെ സംയോജിപ്പിച്ച് റീട്ടൈൽ റീട്ടെയിൽ ശൃംഖലയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. 470 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് ആവശ്യമായി വരികയെന്നാണ് വിലയിരുത്തൽ.


പൊതുവിതരണ കേന്ദ്രങ്ങൾ മാവേലി സ്റ്റോറുകളാക്കി മാറ്റുന്നത് റീട്ടൈൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി എൻ ഷിജീർ പറഞ്ഞു. എണ്ണ, പയർവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള സബ്സിഡി ഉൽപ്പന്നങ്ങൾ റേഷൻ കടകളിലെത്തുന്നത് ജനങ്ങളെ ആകർഷിക്കും. ഇത് കടകളുടെ ലാഭത്തിൽ പ്രതിഫലിക്കുമെന്നും ഷിജീർ ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post