ആലപ്പുഴ: ശബരിമല സ്വർണക്കവർച്ചയിൽ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പലരുടേയും കാലത്തെ അഴിമതികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ നാലഞ്ച് ദേവസ്വം ബോർഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാർക്ക് ഇരിക്കാൻ അവസരമുണ്ടാക്കി കൊടുത്തിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡും വേണ്ട. എല്ലാം ഒഴിവാക്കണം. ഇതെല്ലാം പിരിച്ചു വിട്ട് ഒറ്റ കുടക്കീഴിലാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
ഇന്നത്തെ ദേവസ്വം ഭരണ സംവിധാനത്തിലെ ബോർഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം ഈ അഴിമതി ആരു വന്നാലും ലോകാവസാനം വരെ അനുസ്യൂതമായി നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡേ വേണ്ട. എല്ലാം പിരിച്ചുവിട്ട് ഒറ്റ ബോർഡ് ഉണ്ടാക്കിക്കൂടേ. നല്ല ഐഎഎസുകാരനെ തലപ്പത്തു നിയമിച്ച്, അയാൾക്ക് എക്‌സിക്യൂഷൻ അധികാരം നൽകുകയാണ് വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് അമ്പലങ്ങളിലും മോഷണമാണ്. ഇന്നുള്ള ഭരണസംവിധാനം ഈ നിലയിൽ പോയാൽ, തീർച്ചയായും 'ചക്കരക്കുടം കണ്ടാൽ കയ്യിട്ടു നക്കു'മെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. മുമ്പുണ്ടായിരുന്ന പത്തനംതിട്ടക്കാരൻ വലിയ കുഴപ്പക്കാരനാണെന്ന് മുമ്പേ താൻ പറഞ്ഞിട്ടുള്ളതാണ്. പത്മകുമാർ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരിൽ രാജ്യത്ത് മുഴുവൻ പ്രക്ഷോഭമാണ്. അതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്വർണം മോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരും പോറ്റിമാർക്കുമെതിരായ പ്രസ്താവനയിൽ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. മേൽശാന്തിയെ ചീത്തപറഞ്ഞു, ബ്രാഹ്മണരെ ചീത്ത പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കരുത്. ബ്രാഹ്മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ അവർക്ക് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ
ജി സുധാകരൻ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ വ്യക്തിയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്നും കുറേ ജനങ്ങളുടെ ഹൃദയത്തിൽ സുധാകരന് സ്ഥാനമുണ്ട്. അദ്ദേഹത്തിന് പ്രായമായി, അധികാരത്തിൽ നിന്നും മാറി നിൽക്കുന്നു എന്നത് ശരിയാണ്. എന്നാൽത്തന്നെയും ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് അവഗണിക്കാൻ പറ്റുന്ന വ്യക്തിത്വമല്ല ജി സുധാകരൻ. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരുപാട് സംവാദങ്ങൾ ഉണ്ടാക്കാതെ യോജിച്ച് പോകുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജി സുധാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത്. ഒട്ടേറെ വികസനം കൊണ്ടുവന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സുധാകരനെ ഭയമായിരുന്നു. ചില പരിപാടികളിൽ അദ്ദേഹത്തെ ഒഴിവാക്കി എന്നു പറയുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് വിഷമം ഉണ്ടാകും. അതൊക്കെ പരിഹരിച്ചു കൊണ്ടുപോകണം. സജി ചെറിയാന്റെയും നാസറിന്റെയും വളർച്ച ഉൾക്കൊള്ളാൻ സുധാകരൻ തയ്യാറാണ്. അദ്ദേഹത്തിന്റെ പ്രായവും പരിജ്ഞാനവും അവർക്ക് കൂടി പകർന്നുകൊടുത്ത് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടു പോകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
