'വായ്പയുടെ പേരിൽ ലൈംഗികമായി ചൂഷണം ചെയ്തു'; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാമർശം

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത 52 കാരിയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാമർശം. നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് ആരോപണം. വായ്പ തരപ്പെടുത്തി നൽകാൻ സഹായിക്കാമെന്ന് പറഞ്ഞ് നിരന്തരം ചൂഷണം ചെയ്തതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.


ഇന്നലെയാണ് ഗ്യാസ് തുറന്നുവിട്ടതിന് ശേഷം വീട്ടമ്മയായ മുട്ടക്കാട് സ്വദേശിനി സലീല കുമാരി തീകൊളുത്തി മരിച്ചത്. പിന്നീട് ആത്മഹത്യ കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുറിപ്പുകൾ കണ്ടെടുത്തത്. മകനും മകൾക്കുമായി രണ്ട് കുറിപ്പുകളാണ് ഉണ്ടായിരുന്നത്. സഹകരണ ബാങ്കിൽ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് കോൺഗ്രസ് നേതാവ് ഫ്രാങ്ക്‌ളിൻ ചൂഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.


സംഭവത്തിൽ ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്‌ളിൻ ഡിസിസി ജനറൽ സെക്രട്ടറിയാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ വായ്പ തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞായിരുന്നു ഉപദ്രവം.


സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ 52കാരിയുടെ മകൻ രംഗത്തെത്തി. ജോസ് ഫ്രാങ്ക്ളിൻ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. രാത്രി സമയങ്ങളിലും അമ്മയെ ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. അമ്മയെ ലൈംഗികമായ കാര്യങ്ങൾക്ക് നിർബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണിൽ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നിൽ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകൾ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണമെന്നും മകൻ പറഞ്ഞു.

Previous Post Next Post