സ്വര്‍ണത്തില്‍ തിരിമറി, കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്, 'ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുത്'

കൊച്ചി: ശബരിമലയിലെ സ്വർണത്തിൽ തിരിമറി നടന്നുവെന്ന് ഹൈക്കോടതി. സംഭവത്തിൽ കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറിൽ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.


സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസിൽ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേർത്തു.


സ്വർണം കവർന്ന യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസിൽ നിലവിൽ പിടിച്ചെടുത്ത രേഖകൾ രജിസ്ട്രാറുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീർണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിർദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തും. ശബരിമലയിൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ സ്വർണപ്പാളികൾ 2019 ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി.


ദ്വാരപാലക ശിൽപ്പങ്ങൾ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വർണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേൽശാന്തി, വാച്ചർ, ഗാർഡ് തുടങ്ങിയവർ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലൻസ് ഓഫീസർ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലൻസ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടർന്ന് റിപ്പോർട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചർച്ച നടത്തുകയും ചെയ്തിരുന്നു.

Previous Post Next Post