യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അതൃപ്തിയില്‍ ഓർത്തഡോക്സ് സഭയും പ്രതിഷേധം രേഖപ്പെടുത്തി.
ഓർത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ് കോറോസ് മെത്രാപ്പോലീത്തയാണ് അതൃപ്തി പരസ്യമാക്കിയത്. അബിൻ വർക്കിയെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വെട്ടിമാറ്റി ഒതുക്കിയ നടപടി ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബിൻ വർക്കി കഴിവുള്ള ഒരു നേതാവാണെന്നും കേരള രാഷ്ട്രീയത്തില്‍ സജീവമായി നിറഞ്ഞുനില്ക്കേണ്ട വ്യക്തിയാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. ഒരു വാർത്താചാനലില്‍ പ്രതികരിക്കവെയാണ് അദ്ദേഹം അബിൻ വർക്കിക്ക് ശക്തമായ പിന്തുണ അറിയിച്ചത്.
അബിൻ വർക്കിയെ തഴഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും, യുവനേതാവും എം.എല്‍.എ.യുമായ ചാണ്ടി ഉമ്മനോടും പാർട്ടി അനീതി കാട്ടിയെന്നും യൂഹാനോൻ മാർ ദീയസ് കോറോസ് പറഞ്ഞു. ഈ വിഷയം കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി പരിഹരിക്കണം. ഈ വിഷയത്തില്‍ നേതാക്കളോട് നേരിട്ട് സംസാരിക്കാനുളള നിലപാട് ഓർത്തഡോക്സ് സഭ സ്വീകരിക്കുമെന്നും കോട്ടയം ഭദ്രാസനാധിപൻ കൂട്ടിച്ചേർത്തു.