'അറിഞ്ഞത് പത്രവാർത്തകളിലൂടെ; പിഎംശ്രീ പദ്ധതി നടപ്പാക്കാൻ പാടില്ലെന്ന് സിപിഐ മന്ത്രിമാർ തീർത്തുപറഞ്ഞു'

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയിൽ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാർട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിൽ തീരുമാനം ഉണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്ന് സിപിഐ മന്ത്രിമാർ തീർത്ത് പറഞ്ഞതാണ്. അത്തരമൊരു പദ്ധതിയിൽ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ എന്ന് അറിയില്ല. പത്രവാർത്ത വരുമ്പോഴാണ് പിഎംശ്രീ എംഒയു ഒപ്പിട്ട കാര്യം സിപിഐ മന്ത്രിമാർ അറിയുന്നത്. രണ്ടുതവണ വിയോജിപ്പ് അറിയിക്കുകയും ഇത് കേരളത്തിൽ നടപ്പാക്കാൻ പാടില്ലെന്ന് തീർത്ത് പറഞ്ഞതുമാണ്. ഈ പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ പാഠപുസ്തകങ്ങളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിരുന്നു.


മന്ത്രിസഭയിൽ തുടരണമോയെന്നതുൾപ്പടെയുള്ള കാര്യങ്ങൾ 27ാം തീയതിയിലെ യോഗത്തിൽ തീരുമാനമുണ്ടാകും. യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



Previous Post Next Post