അസുഖം മറച്ചുവച്ച് വിവാഹം, ഭാര്യയെ അനസ്തീസിയ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി, ബെംഗളൂരുവിൽ ഡോക്ടർ പിടിയിൽ

ബെംഗളൂരു: ചികിത്സയുടെ മറവിൽ അമിത ഡോസിൽ അനസ്തീസിയ മരുന്ന് നൽകി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടർ പിടിയിൽ. ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ. മഹേന്ദ്ര റെഡ്ഡിക്ക് (31)യാണ് ഭാര്യയെ വകവരുത്തിയത്. ത്വക്ക് രോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡി (28) ആണ് കൊല്ലപ്പെട്ടത്.


ഏപ്രിൽ 23ന് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ അമിത സാന്നിധ്യം പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. ദീർഘകാലമായി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്ന കൃതികയെ ഇക്കാര്യം മറച്ചുവച്ച് മഹേന്ദ്ര റെഡ്ഡിക്ക് വിവാഹം ചെയ്തു നൽകിയതിൽ ഉണ്ടായ അതൃപ്തിയാണ് കൊലപാതത്തിലേക്ക് നയിച്ചത്. ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ഡോക്ടർമാരായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മെയ് 26 നാണ് വിവാഹിതരായത്.


മരണം സംഭവിക്കുന്നതിന് രണ്ട് ദിവസം മുൻപ് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അന്ന് മഹേന്ദ്ര അമിത അളവിൽ മരുന്ന് നൽകുകയായിരുന്നു. തുടർന്ന് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഡോ. മഹേന്ദ്ര റെഡ്ഡി ഭാര്യയെ മാറത്തഹള്ളിയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു. ഭാര്യയെ പോസ്റ്റ്മോർട്ടം ചെയ്യരുത് എന്ന് പ്രതി ആശുപത്രി അധികൃതരോടും പൊലീസിനോടും അപേക്ഷിച്ചതോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്. ഭാര്യാപിതാവിനെക്കൊണ്ട് ഈ ആവശ്യം മഹേന്ദ്ര റെഡ്ഡി ഉന്നയിപ്പിച്ചു. എന്നാൽ പോസ്റ്റ്മോർട്ടവുമായി അധികൃതർ മുന്നോട്ട് പോയതോടെയാണ് കൊലപാതകക്കുറ്റത്തിന് കാരണമായ തെളിവുകൾ ലഭിച്ചത്.

ഒക്ടോബർ 13 നാണ് മകളുടെ മരണത്തിൽ മഹേന്ദ്ര റെഡ്ഡിയുടെ പങ്ക് ആരോപിച്ച് പിതാവ് പരാതി നൽകിയത്. ഒക്ടോബർ 14 ന് കർണാടകയിലെ മണിപ്പാലിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിക്കുകയുമായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഡോ. കൃതികയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്റെ മെഡിക്കൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Previous Post Next Post