ശബരിമലയില്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ത്ഥാടകരെ കബളിപ്പിച്ച ഡോളി തൊഴിലാളികള്‍ പിടിയില്‍.
കാസര്‍കോട് സ്വദേശികളായ തീര്‍ത്ഥാടകരില്‍ നിന്നും പതിനായിരം രൂപ തട്ടിയ സംഭവത്തിലാണ് ഡോളി ചുമട്ടുകാരനായ കണ്ണന്‍, രഘു എന്നിവരെ അറസ്റ്റ് ചെയ്തത്. പീരുമേട് സ്വദേശികളാണ് ഇരുവരും.
ഇക്കഴിഞ്ഞ തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോഴായിരുന്നു സംഭവം. കാസര്‍കോട് സ്വദേശികളായ തീര്‍ത്ഥാടകര്‍ പമ്ബയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ മരക്കൂട്ടത്ത് എത്തിയപ്പോഴായിരുന്നു ഡോളി തൊഴിലാകള്‍ ഇവരെ സമീപിച്ചത്. സന്നിധാനത്ത് വലിയ തിരക്കാണെന്നും ഡോളിയില്‍ പോയാല്‍ ക്യൂ നില്‍ക്കാതെ ദര്‍ശനം സാധ്യമാകും എന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് ഡോളി സേവനത്തിനായി പതിനായിരം രൂപയും ഇവര്‍ കൈപ്പറ്റി. തീര്‍ത്ഥാടകനെ ഡോളിയില്‍ സന്നിധാനത്തിന് സമീപത്തെ വാവരുനട വരെ എത്തിച്ച ശേഷം പിന്നീട് ഡോളി തൊഴിലാളികള്‍ കടന്നുകളയുകയായിരുന്നു. തട്ടിപ്പ് വ്യക്തമായതോടെ തീര്‍ത്ഥാടകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അനധികൃതമായി ഡോളി സര്‍വീസ് ഉപയോഗിച്ചതിനടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.