ഘടക കക്ഷികൾ തമ്മിലുള്ള തർക്കമാണ്, നേതാക്കളുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് മന്ത്രി ശിവൻകുട്ടി

 

തിരുവനന്തപുരം:  പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എഐഎസ്എഫ്, എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നമാണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകൾ വേദനിപ്പിച്ചുവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.


വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കമാണ് ഉണ്ടായിരുന്നത്. ഒരു വിഷയമുണ്ടാകുമ്പോൾ ഘടകകക്ഷികൾ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനകൾ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും അവർ ഒന്നുകൂടി പക്വതയോടെ ചെയ്യണമായിരുന്നു. ഒരിക്കലും ആർക്കും വേദന ഉണ്ടാകുന്ന കാര്യം ചെയ്യാൻ പാടില്ലായിരുന്നു.


പ്രയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലായെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയാൽ വിദ്യാഭ്യാസമന്ത്രിയെ തെരുവിൽ നേരിടുമെന്ന് എഐഎസ്എഫ് പ്രസ്താവിച്ചിരുന്നു.

Previous Post Next Post