ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും, തിരുവനന്തപുരത്ത് എത്താൻ നിര്‍ദേശം

ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദേശം നല്‍കി. വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു. രാവിലെ 9.30ന്റെ വിമാനത്തിലാണ് പോറ്റി ബെംഗളൂരില്‍ നിന്നും പുറപ്പെട്ടത്.

ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്

സ്വർണപാളി വിവാദത്തില്‍ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ് രംഗത്തെത്തി. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവി‍ന്‍റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്ബന്നരായ അയ്യപ്പഭക്തരില്‍ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവില്‍ വാതില്‍ എന്ന പേരില്‍ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച്‌ പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.

ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത്

അതേസമയം, സ്വർണ പാളി വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് രംഗത്തെത്തി. കണക്കിൻ്റെ കാര്യത്തില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. കോടതി അവർക്ക് മുന്നില്‍ വന്ന കാര്യങ്ങള്‍ വച്ചാണ് സംസാരിച്ചത്. സന്നിധാനത്തെ സ്വർണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോർഡിൻ്റെ പക്കലുണ്ട്. 18 ലോക്കറുകളിലായി സ്വർണം സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ 467 കിലോഗ്രാം സ്വർണം മോണിറ്റൈസേഷനായി റിസർവ് ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകള്‍ ഉണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമർപ്പിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. ഉണ്ണികൃഷ്ണൻ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണൻ്റെ കാര്യം തീരുമാനമാകുമെന്നും പ്രശാന്ത് പറഞ്ഞു.
Previous Post Next Post