വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്‌സ ബീവിയാണ് മരിച്ചത്. 78 വയസ്സായിരുന്നു.


തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഹബ്‌സ ബീവി. രണ്ടാഴ്ച മുമ്പാണ് വയോധികയ്ക്ക് പനി ബാധിച്ചത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.


എന്നാൽ പനി കുറയാതിരുന്നതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൃക്കകളടക്കം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.


ഇന്നലെ തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയായ 18 വയസ്സുള്ള പെൺകുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.

Previous Post Next Post